ഇടുക്കിക്കാരി 


അഛൻ കിടപ്പിലായി. Stroke ഒരു സുപ്രഭാതത്തിൽ എന്റെ കുടുംബത്തെ ഞെട്ടിച്ചുകളഞ്ഞു..പ്രഭാതത്തിൽ ഉമ്മറത്ത്, വെറ്റിലമുറുക്കിന്റെ ധന്യതയിൽ പത്രപാരായണം.. അതഛന്റെ പതിവാണ്,. കണ്ണിനെ തിമിരം ബാധിച്ചെങ്കിലും വട്ടകോൺവെക്സ് ലെൻസ് അഛന് പത്രവാർത്തകളുടെ നിറവ് നൽകിയിരുന്നു.. വാർത്തകളെ തുലാസിൽതൂക്കിനോക്കി കീറിമുറിച്ച് മുറുക്കാനൊപ്പം അയവിറക്കും.. പൊടുന്നനേ ശരീരത്തിന് താളം തെറ്റി. ഞങ്ങളുടെ ജീവിതത്തിനും... ആശുപത്രിവാസത്തിനിടയിൽ ഡോക്ടർമാർ പറഞ്ഞു. ഇവിടെ കിടത്തണമെന്നില്ല, വീട്ടിൽ കൊണ്ടു പോകാം.. പക്ഷെ ഇവിടത്തേതുപോലെ നോക്കണം. ഹോംനേഴ്സിനെ നിർത്തിയാൽ നന്ന്..കാരണം വ്യക്തിക്ക് പ്രതികരിക്കാനാകില്ല. ശരീരലക്ഷണം നോക്കി, എന്തെങ്കിലും അസ്വാഭിക സാഹചര്യത്തിൽ വീണ്ടും ഇവിടെയെത്തിക്കണം... ഭൂമിയിലെ മാലാഖമാരെ വീട്ടിലെത്തിക്കണം.. അറിയാവുന്നവർ വേണം...ആദ്യം വന്ന ഹോംനേഴ്സ് ഒരു തീർവ്വപരിചരണമായിരുന്നു. ഞങ്ങൾക്ക് പോലും അഛനെ അപ്രാപ്യം... ഒരു മാസമായിരുന്നു അവരുടെ കാലാവധി.. അവർപോയ ഒഴിവിൽ വന്ന മേരിപ്പെണ്ണ് എന്ന ഹോംനേഴ്സാണ് ഈ ലേഖനത്തിന്റെ കാതൽ... ഇടുക്കിക്കാരി, തടിച്ചപെണ്ണ്..അതായിരുന്നു മേരിയമ്മ . ഭർത്താവ് തളർന്ന് കിടന്നപ്പോൾ പരിചരിച്ച് പരിചയിച്ചതാണ്.. പിന്നെ ഈ ഫീൽഡിലെത്തി. ഒരു വലിയബാഗും തൂക്കി അവർ വീട്ടിലെത്തി.. വരുന്ന വഴിയിലെ കരിയിലകളെ പോലും പരിചയപ്പെട്ടുള്ള നടത്തം.. അവർ ചാർജ്ജെടുത്തു.. അഛൻ സാറായിരുന്നു, സ്വല്പം മുൻകോപക്കാരനായിരുന്നു എന്ന് അമ്മ ഉപദേശിച്ചു.. ഞാനിപ്പോൾ ശരിയാക്കാമെന്ന് പറഞ്ഞ് അവർ മുറിയിൽ കയറി... പിന്നെയാ മുറിയിൽ നിന്നും കേട്ടത് "സാറേ സാറേ സാമ്പാറേ എന്ന പാട്ടായിരുന്നു.. അഛനെനോക്കി രസത്തിലവർ പാടിത്തീർത്തു.. അഛനത് ആസ്വദിച്ചുവെന്നു തോന്നുന്നു.. ഒരു കൗതുകഭാവം മുഖത്തുകണ്ടു.. പിന്നീടുള്ള ദിനങ്ങളിൽ ആ ഭാവം ഞങ്ങളുടെ മുഖത്തും നാട്ടുകാരുടെ മുഖത്തും വിരിഞ്ഞു... കാലത്തേ അയൽവീട്ടുവിശേഷങ്ങൾ കൊത്തിയെടുക്കാൻ മിടുക്കി.. പരിചരണവും നന്ന്.. പക്ഷെ രോഗിയോട് തുറന്ന് ,നിങ്ങൾ രക്ഷപെടില്ല.. അടിയന്തിരം കൂടിയേ പോകു എന്ന് പറയും... ആഹാരം തരുന്ന മേരി.. അതായിരുന്നു അവർ അവരെ വിളിച്ചിരുന്നത്. ചക്കയുടെ കാലമായതിനാൽ പറമ്പിൽ നിറയെ ചക്കയുണ്ടായിരുന്നു.. ദിവസം രണ്ട് ചക്കവച്ചവർ അകത്താക്കി.. പോകുന്ന നേരം നാലു ചക്കയുമായാണവർ പോയത്.. അയൽവീടുകളിൽ നിന്നും പിരിവെടുക്കാനും അവർ മടിച്ചില്ല.. പരിചരണം നന്നെങ്കിലും പല ചരണങ്ങൾ നന്നായെങ്കിലേ ഹോംനേഴ്സുമാരുടെ ഗുണം പൂർണ്ണമാകൂ... എങ്കിലേ അവരെ ജനം ആദരിക്കൂ... ഭൂമിയിലെ ഏറ്റവും നന്മ നിറഞ്ഞവർ അവരാണ്.. സ്വന്തക്കാരേക്കാൾ നന്നായി രോഗിയെ നോക്കുന്നവർ.. രോഗികളുടെ മാലാഖമാർ...


Comments