ബച്ചൻ്റെ കൊച്ചൻ

 ഒരു ഹാർമിറ്റാൺ സീസണിലാണ് ഞങ്ങൾ നൈജീര്യയിലെ കാനോ എയർപോർട്ടിൽ ഇറങ്ങുന്നത്. അന്നെൻ്റെ പ്രായം പത്തു വയസ്.. എന്നേക്കാൾ നാലു വയസ്സിന് ഇളപ്പമുള്ള അനിയത്തിയും അമ്മയും കൂടെയുണ്ട്..


ഈച്ചകൾ പൊതിയുന്ന തണുപ്പുമാസമാണ് ഹാർമിറ്റാൺ. വെള്ള ഷർട്ടിട്ട് പുറത്തിറങ്ങിയാൽ ഈച്ചകൾ പറ്റിപ്പിടിച്ചത് കറുപ്പാകും. കാലമെന്ന മാന്ത്രികൻ്റെ കൈവിരുതുകളാണാ അപൂർവ്വമാസം..


 മലയാളികൾക്ക് ചിന്തിക്കാൻ പോലും അറപ്പുളവാക്കുന്ന ആ മാസം മുഴുവൻ ഞങ്ങൾ വീടിനകത്ത് നെറ്റടിച്ച് കഴിഞ്ഞു കൂടി. അഛന് കോളേജ് കൊടുത്ത ക്വോർട്ടേഴ്സിൽ ടി വി കണ്ട് ഇരിപ്പോടിരിപ്പാണ്...! അഛൻ തൊട്ടടുത്തുള്ള കോളേജിലേക്ക് ഓടിപ്പോകും. ഈച്ചകൾ പിറകെയും...


അന്ന് കേരളത്തിൽ ടെലിവിഷൻ വന്നിട്ടില്ല. അതിനാൽ പുതുമയോടെ, വെറുതെ ടി വി നോക്കിയിരിക്കുക.. ചാനലുകൾ ട്യൂൺ ചെയ്ത് രസിക്കുക എന്നതായിരുന്നു വിനോദം. റേഞ്ചില്ലാത്തതിനാൽ  ടി വി നിറയെ ഗ്രെയിൻസ് ആയിരിക്കും മിക്കപ്പോഴും. ബ്ലാക്ക് & വൈറ്റിൽ മിന്നി മറയുന്ന ഗ്രെയിൻസിന് പല രൂപങ്ങൾ സങ്കൽപ്പിച്ച് നോക്കിയിരിക്കും.. അല്ലാതെന്ത് ചെയ്യാൻ..!


ചില നേരങ്ങളിൽ ടി വി എന്നോട് കരുണ കാണിക്കും.. നല്ല തെളിമയോടെ നല്ല സിനിമകൾ വിളമ്പും. മിക്കവാറും ഹിന്ദി സിനിമകളാണ്...അമിതാഭ് ബച്ചൻ്റെയും ജിതേന്ദ്രയുടേയും പടങ്ങളാണ് നൈജീര്യക്കാർക്ക് പ്രിയം. അവർക്ക് അവരുടേതായ സിനിമ അന്ന് ഇറങ്ങിത്തുടങ്ങിയിട്ടില്ല. അതിനാൽ ടി വി യിലെ താരം ബച്ചൻ തന്നെ. ഞാനും അമിതാഭ് ബച്ചനെന്ന നടനെ പറ്റി കേട്ടിട്ടേയുള്ളൂ. പക്ഷെ ഒരു മാസം കൊണ്ട് ഞങ്ങൾ നല്ല പരിചയത്തിലായി. ആഫ്രിക്കക്കാർക്കും പുള്ളിയോട് നല്ല ആരാധനയായിരുന്നു എന്നതിൽ എനിക്കഭിമാനം തോന്നി....

ആഫ്രിക്ക എന്ന വൻകരയെയും നൈജീര്യയേയും ഒരു കൊച്ചു കൗതുകത്തോടെ ഞാനും അനുജത്തിയും നോക്കിക്കണ്ടു. അത്യാവശ്യം അടുത്തുള്ള കടകളിൽ പോകാനും അതിലും അത്യാവശ്യമായ ചില നീഗ്രോകളുടെ വാക്കുകൾ പുലമ്പാനും രണ്ടു മാസത്തിനുള്ളിൽ ഞാൻ ശീലിച്ചു.. അതിലേറെ രസം ശരാശരി കറുമ്പനായ ഈ കുറുമ്പൻ അവർക്കിടയിലെ സായിപ്പായിരുന്നു എന്നതാണ്.

പുറം യാത്രകളിൽ അന്നാട്ടുകാർ കൗതുകത്തോടെ ഞങ്ങൾ രണ്ടു പേരെയും നോക്കി നിൽക്കുന്നതൊക്കെ എനിക്ക് അഭിമാനമായിരുന്നു.  ബംഗാളികൾ വന്നപ്പോൾ നമ്മൾ നോക്കി നിന്ന പോലെ...!

ഒരു ദിവസം ഞാൻ ഒറ്റക്ക് കടയിൽ പോയി വരുമ്പോൾ നാലോളം നീഗ്രോ കൊച്ചന്മാർ എന്നെ വളഞ്ഞു. കളിയാക്കലും ചിരിയും ഒക്കെയായി ഒരു തരം റാഗിംഗ്. മുറിഞ്ഞ ഇംഗ്ലീഷിൽ എൻ്റെ പേരും നാടും ചോദിച്ചു.

ഇന്ത്യ എന്ന് കേട്ടപ്പോൾ 'ബച്ചൻ ' എന്നവർ ആർത്തു വിളിച്ചു.. "യേസ് ബച്ചൻ "- എന്ന് ഞാനും പറഞ്ഞു.

ബച്ചനെ കണ്ടിട്ടുണ്ടോ..? കൂട്ടത്തിൽ ഒരു മിടുക്കൻ ചോദിച്ചു.

കണ്ണും പൂട്ടി പറഞ്ഞു. "വല്യഛനാണ്, Father's brother.."

അവരുടെ കണ്ണുകളിൽ തിളക്കം ഞാൻ കണ്ടു.

അതിലവർ വീണു എന്നുറപ്പിച്ചു.

വായുവിൽ കൈകളുയർത്തി ഡിഷും ഡിഷും എന്നുള്ള പ്രത്യേക ആക്ഷനും കൂടിയായപ്പോൾ അവർ ഫ്ലാറ്റ്...

പിന്നെ അവിടെ നിന്ന് തിരികെപ്പോരും വരെ ആ കറുത്തപട ബഹുമാനത്തോടെയേ എന്നെ നോക്കിയിട്ടുള്ളൂ. കാരണം ഞാൻ ബച്ചൻ്റെ കൊച്ചനാണല്ലോ...!


Comments