എങ്ങോട്ടു പോകാൻ...!
എങ്ങോട്ടു പോകാൻ...!
ബങ്കറുകളിലെ പൊടികൾ തണുപ്പിനൊപ്പം മുക്കിലേക്കിരച്ചു കയറുന്നു.. ഇടക്കിടക്ക് ഭൂമികുലുക്കം അനുഭവപ്പെടുന്നുണ്ട്. ഇരുട്ട്... ഇരുട്ട്.
മരണം ഏതു നിമിഷവുമെത്താം... ഇന്ന് ആറു മണിക്ക് മുന്നേ നഗരം വിടണമെന്നാണ് എംബസിയുടെ നിർദ്ദേശം.. ആൻ മേരി ചാർജ്ജ് തീരാറായ മൊബൈലിൽ കണ്ണുകൾ ചേർത്തു. പ്രത്യാശയുടെ നാളമാണത്..പുറം ലോകവുമായുള്ള ഏക ബന്ധം.
പന്ത്രണ്ടോളം വിദ്യാർത്ഥികളുണ്ട് ഈ ബങ്കറിൽ.
ഫ്ലാറ്റിൻ്റെ ഉടമസ്ഥരായ യുക്രൈൻ കുടുംബവും കൂടെയുണ്ട്. മുത്തശ്ശി കതരീനയുടെ കണ്ണുകൾ കലങ്ങിയിരുന്നു...മകൾ നടാലിയയും രണ്ടു കൊച്ചു പെൺമക്കളും ബങ്കറിൽ അവരുടെ കൂടെയുണ്ട്.കുടുംബത്തിലെ ആൺതരികൾ 2014 ലെ കലാപത്തിൽ മരണമടഞ്ഞിരുന്നു എന്നാണ് കേട്ടത്... ദുരിതം കോറിയിട്ട ജീവിതം.
ഫ്ലാറ്റിൻ്റെ ഏറ്റവും അടിയിലത്തെ റൂമാണ് ബങ്കറായി മാറിയത് ... ഒരു ഷെല്ലാക്രമണം അത് താങ്ങുമോ എന്നവർക്കറിയില്ല... കതരീന മുത്തശ്ശിയുടെ കണ്ണുകൾ വിദൂരതയിലെന്തോ തെരഞ്ഞു...
ആൻമേരിയുടെ ഫോണിൽ സന്ദേശമെത്തി. എത്രയും വേഗം നഗരം വിട്ട് അതിർത്തിയിലെത്തുക. അതിർത്തിയിൽ എംബസി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടത്രേ...
വിദ്യാർത്ഥികൾ ചാടി എഴുന്നേറ്റു.പാക്ക് ചെയ്തു വച്ച ബാഗ് എടുത്തു. ഇനി താമസിച്ചു കൂടാ...
കതരീനാ മുത്തശ്ശിയെ അവർ പുണർന്നു.
"മുത്തശ്ശി പ്രാർത്ഥിക്കണേ.. ഞങ്ങൾക്കുള്ള സമയമായി.. പ്രശ്നങ്ങളൊന്നും ഇല്ലാതെ അതിർത്തിയിൽ....." ആൻ മേരി വിതുമ്പി.
മുത്തശ്ശിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നുവോ... അകലെ മേശപ്പുറത്തിരുന്ന വെള്ളത്തിൻ്റെ കുപ്പിയും ബണ്ണും അവർ ഒരു കൂട്ടിലാക്കി ആൻ മേരിയെ ഏൽപ്പിച്ചു. വിറയ്ക്കുന്ന കൈകളോടെ...
നിങ്ങളും പോകുന്നില്ലേ... ആൻ മേരിക്ക് ചോദിക്കാതിരിക്കാനായില്ല...
മുത്തശ്ശി പുഞ്ചിരിച്ചു.. പക്ഷെ കണ്ണുകളിലെ നനവ് ചുണ്ടിലേക്ക് പടർന്നു. ആ ഉപ്പുരസം തുടച്ച് അവർ പറഞ്ഞു...
"എങ്ങോട്ടു പോകാൻ.. ഇതെൻ്റെ നാടല്ലേ.. " അവർ തല വെട്ടിച്ചു.
മൗനമായി ആ വിദ്യാർത്ഥികൾ പടിയിറങ്ങി... അതേ... എങ്ങോട്ടു പോകാൻ... എങ്ങനെ പോകാൻ...! അനിശ്ചിതത്തത്തിൽ അവർ തെരുവിലേക്കിറങ്ങി. അകലെ തീ നാളങ്ങൾ ഉയർന്ന് പൊങ്ങുന്നുണ്ടായിരുന്നു.

Comments